ബസ്റ്റോപ്പിലേക്ക് രാവിലെ തന്നെ വേഗത്തിൽ നടന്നു പോകുമ്പോഴാണ് ഞാൻ കുഞ്ഞപ്പേട്ടനെ കണ്ടത് .......
രണ്ടുമൂന്നു ദിവസമായി കുഞ്ഞപ്പേട്ടനെ കാണാനില്ലായിരുന്നു .....
ഞാൻ പോകുന്ന വഴിയിലായിരുന്നു കുഞ്ഞപ്പേട്ടന്റെ വീട് ......
എന്നും രാവിലെ ഞാൻ ജോലിക്ക് പോകുമ്പോൾ കുഞ്ഞപ്പേട്ടൻ ഉമ്മറത്ത് ഇരിപ്പുണ്ടാകും ......
എന്തെങ്കിലും ചിരിച്ചുകൊണ്ട് ഉറക്കെ വിളിച്ചു പറയും .....
ഞാനും അതിനു മറുപടി കൊടുക്കും ....
രണ്ടുദിവസമായി അത് മുടങ്ങിക്കിടക്കുകയായിരുന്നു
എന്തെങ്കിലും നമ്മൾ ദിവസവും ചെയ്യുന്നത് മുടങ്ങുമ്പോൾ നമുക്കൊരു അലോസരം വരില്ലേ.....?
കുഞ്ഞപ്പേട്ടനെ കാണാത്തതുകൊണ്ട് എനിക്ക് അങ്ങനത്തെ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു.........
തിരക്കിലായിരുന്നെങ്കിലും ഞാൻ കുഞ്ഞപ്പേട്ടനോട് ചോദിച്ചു .....
""കുഞ്ഞപ്പേട്ടാ ....
രണ്ടു ദിവസമായല്ലോ കണ്ടിട്ട് ....?""
പല്ലുപോയ മോണയും കാണിച്ച് കുഞ്ഞപ്പേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു ....
""മോളെ....
ഞാൻ ഗുരുവായൂർക്ക് വരെ പോയതായിരുന്നു .....""
""എന്നിട്ട് ഗുരുവായൂരപ്പനെ കണ്ടോ ?
കാര്യങ്ങളൊക്കെ പറഞ്ഞു ശരിയാക്കിയോ? ""
ഞാൻ തമാശ മട്ടിൽ ചോദിച്ചു .
""ഓ ....അതൊരു കഥയാണ് മോളെ ....
അവിടെ പോയി ഒന്ന് രണ്ട് മണിക്കൂർ കാത്തുനിന്നിട്ടാണ് ഉള്ളിൽ കയറാൻ സാധിച്ചത് .....
അതും നടയ്ക്ക് മുന്നിലെത്തിയപ്പോൾ ആരോ എന്നെ പിന്നിൽ നിന്നും പിടിച്ചുന്തി .......
ഞാൻ മുന്നിൽ നിന്നിരുന്ന ഒരുത്തന്റെ പുറത്താണ് ചെന്ന് വീണത് ......""
കുഞ്ഞപ്പേട്ടൻ പറഞ്ഞു.
""ആരാ കുഞ്ഞപ്പേട്ടനെഉന്തിയത് ? ""
ഞാൻ ചോദിച്ചു .
""അത് അവിടത്തെ കാവൽക്കാരാണ് മോളെ .....""
തിരക്ക് കൂടുതലായതിനാൽ ഓരോരുത്തരെയും അവർ ഉന്തി വിടുകയാണ് ചെയ്യുന്നത് ......""
""അപ്പം ഗുരുവായൂരപ്പനെ കാണാൻ സാധിച്ചില്ല അല്ലേ? ""
ഞാൻ ചോദിച്ചു ....
""കൈകൂപ്പി """ഗുരുവായൂരപ്പാ ....."""എന്ന് വിളിക്കുമ്പോഴേക്കും അവർ തള്ളി മാറ്റി .
പിന്നെ എനിക്കൊന്നും പറയാൻ സാധിച്ചില്ല ......
ഞാൻ മുന്നോട്ടു പോയപ്പോൾ വേറൊരുത്തൻ എൻറെ പുറത്തുവന്നുവീണു........
എൻറെ പിന്നിൽ പ്രാർത്ഥിക്കാൻ നിന്ന ആളായിരുന്നു അത്.....
രണ്ടുമൂന്നു കാര്യങ്ങൾ ബോധിപ്പിക്കണം എന്ന് വിചാരിച്ചാണ് അത്രയേടം വരെ പോയത് .....
ഒന്നും നടന്നില്ല ......""
കുഞ്ഞപ്പേട്ടൻ തല കുനിച്ച് സങ്കടത്തോടെ ഇരുന്നു......
ഞാൻ തമാശയ്ക്കായി പറഞ്ഞു .....
""അപ്പം ഗുരുവായൂരപ്പന് കുഞ്ഞപ്പേട്ടനെയും കാണാൻ സാധിച്ചില്ല അല്ലേ ? """
""അങ്ങനെയും കരുതി കൂടെ....""
എന്ന്.....
കുഞ്ഞപ്പേട്ടൻ സടകുടഞ്ഞ്
എണീറ്റു ......
ഗുരുവായൂരപ്പന്റെ അതീവ ഭക്തനായ അദ്ദേഹം പറഞ്ഞു ....
""അങ്ങനെയൊന്നും പറയാൻ പാടില്ല മോളെ .....""
""ഗുരുവായൂരപ്പൻ ദൈവമാണ്
അദ്ദേഹത്തിന് അറിയാത്തതായി ഒന്നുമില്ല .....""
""അതുകൊണ്ടല്ലേ അത്രയും ആൾക്കാർ വരുന്നത് .....""
"" ഈ അടുത്തുള്ള അമ്പലത്തിൽ ഒന്നും വലിയ തിരക്കില്ലല്ലോ? കുഞ്ഞപ്പേട്ടന് എന്താ അവിടെ പോയി തൊഴുതു പ്രാർത്ഥിച്ചാൽ.....""
ഞാൻ ചോദിച്ചു ....
"" കാര്യസാധ്യം ലഭിക്കണമെങ്കിൽ ഗുരുവായൂർക്ക് തന്നെ പോകണം..... """
കുഞ്ഞപ്പേട്ടൻ പറഞ്ഞു .
""അപ്പൊ കാര്യസാധ്യത്തിലാണല്ലേ ദൈവത്തെ കാണാൻ പോണത് ..""
ഞാൻ ചോദിച്ചു .
അതെന്ന് അദ്ദേഹം തലയാട്ടി കാണിച്ചു
കുഞ്ഞപ്പേട്ടൻ തുടർന്നു
""അതാണ് മോളെ.....
ഗുരുവായൂരപ്പൻ വളരെ ബുദ്ധിമാനാണ് അദ്ദേഹത്തിനറിയാം തൻറെ നടക്കൽ ഒന്നോ രണ്ടോ മിനിറ്റ് ആരെങ്കിലും നിന്നാൽ അയാൾ തൻറെ ആവശ്യങ്ങൾ പറഞ്ഞ് അദ്ദേഹത്തെ ഒരുപാട് ബുദ്ധിമുട്ടിക്കുമെന്ന്
ഈ ലോകം മുഴുവനായി തന്നെ കൊടുത്താലും അയാളുടെ പ്രശ്നങ്ങൾ തീരില്ലെന്നും ........""
അതുകൊണ്ട് അദ്ദേഹം കണ്ടുപിടിച്ച വഴിയാണ് തിരക്ക് കൂട്ടുകയും അതേപോലെതന്നെ ആരെയും ഒന്നും പറയാൻ സമ്മതിക്കാതെ ഉന്തി വിടാൻ കാവൽക്കാരെ അവിടെ നിയമിക്കാൻ തോന്നിക്കുകയും ചെയ്യുന്നത് ......""
""ഗുരുവായൂരപ്പാ .......രക്ഷിക്കണേ ""
എന്ന് പറയുമ്പോഴേക്കും ഒരാൾ നിങ്ങളെ ഉന്തി വിടാൻ അവിടെ ഉണ്ടാകും
പിന്നീട് വേറെ ഒന്നും അയാൾക്ക് പറയാൻ കഴിയില്ല .""
ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഓർക്കുകയായിരുന്നു
""ശരിക്ക് ഗുരുവായൂരപ്പന് നമ്മളെയാണോ കാണാൻ സാധിക്കാത്തത് അതോ നമുക്ക് ഗുരുവായൂരപ്പനെ ആണോ ? ""
""പ്രപഞ്ചം മുഴുവൻ ദൈവം ഉണ്ടെങ്കിൽ പിന്നെ എന്തിനാ ഗുരുവായൂര് പോയി തന്നെ ഗുരുവായൂരപ്പനെ കാണുന്നത്? ""
എൻറെ മനസ്സിലെ ചോദ്യത്തിന് ഉത്തരം കിട്ടാതെ ഞാൻ കാലുകൾ നീട്ടിവെച്ച് ബസ്റ്റോപ്പിലേക്ക് നടന്നു......